Tuesday, 22 January 2013

മഴയും വനവും

മലകൾക്കു താഴെ വനം ഉണ്ടായിരുന്നപ്പോൾ മഴമേഘങ്ങൾ വളരെ താഴ്ന്നാണ് പോയ്ക്കൊണ്ടിരുന്നത്. അതിനാൽ ചില കാടുകളെത്തുമ്പോൾ അവ പെയ്യുമായിരുന്നു. പിന്നീട് വനനശീകരണം തുടങ്ങിയപ്പോൾ, മലകൾക്ക് മുകളിലൂടേയായി മേഘങ്ങളുടെ പോക്ക്. തമിഴ്നാട്ടിലേ കോയമ്പത്തൂർ, തിരുപ്പൂർ, മധുര തുടങ്ങിയ സ്ഥലത്തെ ജല ക്ഷാമം ശ്രദ്ധിക്കുക. കേരളത്തിൽ അപ്പോഴും പശ്ചിമ ഘട്ട മലനിരകളിലെ മരങ്ങൾ ആശ്വാസമായിരുന്നു, അവ മുകളിൽ മഴ പെയ്യിച്ച് വെള്ളം താഴേക്കെത്തിക്കുമായിരുന്നു, പുഴകളിലൂടെ. ഇന്ന് അതും ഇല്ലാതായികൊണ്ടിരിക്കുകയാണ്. മലകൾ ഇടിക്കുകയും കൂടിയാവുമ്പോൾ മഞ്ഞ് പോലും പെയ്യുന്നതു നിർത്തുന്നു. ഇപ്പോൾ മേഘങ്ങൾ വളരെ ഉയരത്തിൽകൂടിയാണ് പോകുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്, അങ്ങനെയായാൽ മഴ പെയ്യുന്നത് സമുദ്രത്തിൽ മാത്രമായിരിക്കും.

Thursday, 20 December 2012

Malayaaleeess


രണ്ടു മത്സ്യത്തൊഴിലാളികളെ വെടി വച്ച് കൊന്ന രണ്ട് ഇറ്റാലിയൻ നാവികർക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചുള്ള രാഷ്ട്രീയക്കാരുടെ പല പ്രതികരണങ്ങളും കണ്ടു.
എന്റെ അറിവുകേടു കൊണ്ടാകാം എനിക്കതിൽ ഇത്തിരി സംശയങ്ങളുണ്ട്!
അതിലൊന്ന്, അവർ എന്തു തെറ്റാണ് ചെയ്തതെന്നാണ്. അവർ രണ്ടു പേരും കപ്പലിലെ security guards ആണ്. കപ്പലിനെ ഭീകരന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നുമൊക്കെ സംരക്ഷിക്കേണ്ടവർ. അതിനാണവർക്ക് ആയുധങ്ങളും നൽകിയിരിക്കുന്നത്.
സൊമാലിയയിൽ നിന്നും മറ്റുമൊക്കെ നമ്മൾ കേട്ടിട്ടുള്ളതു പോലെ കൊള്ളക്കാർ മത്സ്യത്തൊഴിലാളികളുടെ വേഷത്തിലും കപ്പലിനടുത്തേക്കെത്താം. അത് അന്താരാഷ്ട്ര കപ്പൽച്ചാലിലാണെങ്കിൽ തീർച്ചയായും ആരായാലും അവരെ ഇല്ലായ്മ ചെയ്യും.
പോകുന്ന വഴി കപ്പൽ ചാലാണോ അല്ലയോ എന്നതും, ഓരോ സ്ഥലത്തിന്റെ പ്രത്യേകതയും സുരക്ഷാ ഭടന്മാർ അറിയുന്നതെങ്ങിനേയാണ്? അപ്പോ അവർക്ക് നിർദ്ദേശം കൊടുക്കാൻ ഉത്തരവാദിത്തപെട്ടവർ കപ്പലിലുണ്ടാവണമല്ലോ, അവരേയല്ലെ വിചാരണ ചെയ്യേണ്ടത്?
കപ്പൽ അന്താരാഷ്ട്ര കപ്പൽ ചാലിലായിരുന്നുവെന്നാണ് കപ്പിത്താൻ പറഞ്ഞത്. അല്ലെന്ന് കേരള സർക്കാരും. അങ്ങനെയെങ്കിൽ തീർച്ചയായും സുരക്ഷാ ഭടന്മാർ നിരപരാധികൾ തന്നെ.
അന്താരാഷ്ട്ര കപ്പൽ ചാലിലാണ് തൊഴിലാളികൾ മത്സ്യബന്ധനം നടത്തിയതെങ്കിൽ, കുറ്റം നമ്മുടെ സർക്കാരിനോ ഉദ്ദ്യോഗസ്ഥർക്കോ തന്നെയായിരിക്കും. അവിടെ മത്സ്യബന്ധനം നടത്തുന്നതും മറികടക്കുന്നതും നിരോധിച്ചിരിക്കുന്നുവെന്നു തൊഴിലാളികൾക്കു വ്യക്തമാക്കികൊടുക്കേണ്ടതും അവരതു ചെയ്യുന്നില്ലാ എന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ കടമയല്ലേ?
ബോപാൽ ദുരന്തത്തിൽ സർക്കാർ രഹസ്യമായി കുറ്റവാളികൾക്ക് രക്ഷപെടാൻ അവസരമുണ്ടാക്കി കൊടുക്കുകയായിരുന്നു. പക്ഷെ അതുമായി കാര്യം താരതമ്യപെടുത്താനാവില്ല. ഇതു സർക്കാർ തലത്തിൽ ഉപാധികളോടെ കൊണ്ടു പോവുന്നതാണ്.
സത്യാവസ്ഥ മറച്ചു വച്ചും ഒഴിഞ്ഞു മാറിയും വ്യാഖ്യാനിച്ചും, ജനങ്ങളുടെ കൂടെയാണ് ഞങ്ങൾ, എന്നു വരുത്തി തീർക്കുവാനാണ് രാഷ്ട്രീയക്കാർ ശ്രമിക്കുന്നത്. ഇതു മറ്റു സംസ്ഥാനങ്ങൾ പോലെയല്ലെന്നും കേരളമാണെന്നും ഇവർ മറന്നു പോയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

Tuesday, 18 December 2012

ഇന്നും പറ്റിക്കുന്നു, ജാതിയുടേയും മതത്തിന്റേയും പേരിൽ


പുതിയ തലമുറ  : എങ്ങിനെ നിൽക്കുന്നു?
പഴയ തലമുറ   : ദൈവം നിർത്തുന്നു.
പു. .                                : എങ്ങിനെ ഓടുന്നു?
. .                                  : ദൈവം ഓട്ടിക്കുന്നു.
പു. .                                : എങ്ങിനെ പറക്കുന്നു?
. .                                  : ദൈവം പറപ്പിക്കുന്നു.
പു. .                                : എന്താണിതിന്റെയൊക്കെ ശാസ്ത്രീയാടിത്തറ?
. .                                  : ചോദ്യം ചെയ്താൽ വെട്ടിക്കൊല്ലും, അതു തന്നെ അടിത്തറ.
പു. .                                : എന്റെ ദൈവമേ!!!
എല്ലാ മതങ്ങളിലും ഉണ്ട് തലമുറകൾ!
    വേദങ്ങളിൽ പറഞ്ഞിട്ടുള്ളത് ദൈവത്തെ മനസിലാക്കുവാനല്ല, സ്വയം മനസിലാക്കുവാനാണ്. ചോദ്യം ചെയ്യുകയും ഉത്തരം കണ്ടെത്തുകയും വേണമെന്നാണ്. പൂർണ്ണ ജ്ഞാനമുള്ള പൂർണ്ണ ശക്തിയുള്ള പരിപൂർണ്ണനായ ദൈവം വേദങ്ങളിലില്ല.
    ഇന്ന് സംസ്കൃതം അറിഞ്ഞ് വേദങ്ങളും പഠിച്ച് വരുന്നവർ ആദ്യം ചെയ്യുന്നത് (ആകെ ചെയ്യുന്നത്) ദൈവത്തെ പൂജിക്കലാണ്. പഴയ തലമുറയെ കാര്യങ്ങൾ പഠിപ്പിക്കുക പ്രയാസമാണ്. സാധാരണക്കാരായ അവരെ പറ്റിക്കുന്നത് മനസിലാക്കാം. ചോദ്യം ചെയ്യാൻ ശേഷിയുള്ള ഒരു പുതു തലമുറയുണ്ടല്ലോ, അവരോടും എന്തിനാണ് ദൈവം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്നത്?
    ദൈവത്തിന്റെ പേരിൽ കബളിപ്പിക്കുന്നതും പണം പോകുന്നതും പോലീസ് കേസെടുക്കുന്നതും നമ്മൾ കാണുന്നുണ്ട്. അങ്ങനെയിരിക്കേ, എത്രയോ ആളുകളെ ദൈവത്തിന്റെ പേരിൽ പറ്റിക്കുന്ന ശബരിമലയും അനന്തപത്മനാഭസ്വാമി ക്ഷേത്രവും എന്തു കൊണ്ട് അടച്ചുപൂട്ടുന്നില്ല? ഒരാൾ സത്യം പറയുകയും അതിനെതിരേ നൂറു പേർ കള്ളം പറയുകയും ചെയ്താൽ നൂറു പേർ പറയുന്നതോ ശരി?
    ശാസ്ത്രത്തിന്റെ വളർച്ചയും, വിദ്യാഭ്യാസം എല്ലാവരിലും എത്തുകയും ചെയ്താൽ മതാചാരങ്ങൾ ഇല്ലാതാവുമെന്ന് ഒരു തലമുറ വിശ്വസിച്ചിരുന്നു, ആശ്വസിച്ചിരുന്നു. അത് ഒരു പരിധി വരെ ശരിയായതുമാണ്. പക്ഷെ ഇന്നത്തെ വിദ്യാഭ്യാസം അതും തകർക്കുന്നു.  മത മേലാളന്മാർ കുട്ടികളോട് നിഷ്കർഷിക്കുന്നു, ഇന്ന പാഠഭാഗമെത്തുമ്പോൾ "നീ പഠിക്കരുത്", "ചില കാര്യങ്ങൾ പറഞ്ഞുത്തരുമ്പോൾ ശ്രദ്ധിക്കരുത്, സമയം വേറെന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക" എന്നൊക്കെ. സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർമാരോട് ചോദിച്ചാലറിയാം കുട്ടികളെ പഠിപ്പിക്കേണ്ടി വരുന്ന ദുരവസ്ഥ.
    മുൻപ് ദൈവത്തിന്റെ ആവശ്യം ബ്രാഹ്മണർക്കായിരുന്നെങ്കിൽ, ഇന്നത് ഏറ്റു പിടിച്ചിരിക്കുന്നത് താഴ്ന്ന ജാതിക്കാരെന്നു സ്വയം പുകഴ്ത്തുന്ന ചിലരാണ്! അന്ന് ബ്രാഹ്മണർക്ക് സ്വയം മേലാളന്മാരാകുവാനും അതു വഴി മറ്റുള്ളവരെ മാറ്റി നിർത്തുവാനും സാധിച്ചിരുന്നെങ്കിൽ ഇന്ന് സംവരണത്തിനു വേണ്ടിയാണെന്നു മാത്രം വിത്യാസം. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും ഇവിടെ ജാതി സംവരണം വേണ്ടിവരുന്നുവെങ്കിൽ, ഇവർക്കു വേണ്ടി പ്രവർത്തിച്ചിരുന്നവരൊക്കെ ഇത്രയും നാൾ എന്താണ് ചെയ്തത്?
                ദൈവത്തിന്റെ പേരും പറഞ്ഞ് ഇവിടെ വോട്ട് ബാങ്കുകളുണ്ടാക്കുകയാണ് രാഷ്ട്രീയക്കാർ ചെയ്യുന്നത്. കൂടെയുള്ളവനു മാത്രമേ സഹായങ്ങൾ ചെയ്തു കൊടുക്കുകയുള്ളു, ദൈവം ഇല്ല എന്നു പറയുന്നവനെ, സ്വന്തം ജാതിയാണെങ്കിലും, അത്യാവശ്യത്തിനു പോലും തിരിഞ്ഞു നോക്കരുത്. അഭിപ്രായ സ്വാതന്ത്ര്യമുള്ളപ്പോഴേ സ്ഥിതി ഇങ്ങനെയാണ്!
    എന്തിന് മറാത്തികൾക്കു വേണ്ടി മാത്രം സംസാരിച്ചിട്ടുള്ള, ജാതിപരമായി മാത്രം ആളുകളെ വേർത്തിരിച്ചിട്ടുള്ള ഒരാളെ പറ്റി ആർക്കും ദോഷമില്ലാത്ത ഒരു കമന്റ് പോലും പാടില്ല എന്നത്രെ ഇന്നത്തെ അലിഖിത നിയമം.